അമ്പൂരി ഗ്രാമ പഞ്ചായത്തില്‍ ബയോടെക് വൈദ്യുതി ഉല്പാദന പ്ലാന്റ്

തിരുവനന്തപുരത്തെ അമ്പൂരി ഗ്രാമപഞ്ചായത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനുവേണ്ടി അമ്പൂരി മാര്‍കറ്റ് പരിസരത്ത് അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ വേര്‍തിരിച്ച് സംസ്കരിക്കുന്നതിനായി അമ്പൂരി ഗ്രാമ പഞ്ചായത്ത് ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടെ ഖരമാലിന്യ സംസ്കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് സ്ഥാപിച്ചു. പ്ലാന്റിന്റെ ഉല്‍ഘാടനം 2009 ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചിറയക്കോട് വിജയന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബഹു: ബ്ലോക്ക് പഞ്ചായത്ത് പ്രസ്സിഡന്റ് ഡി.ജി. രത്നകുമാര്‍ നിര്‍വ്വഹിച്ചു.


വൈദ്യുതി ഉല്പാദിപ്പിച്ച് മാലിന്യ സംസ്കരണത്തില്‍ സമ്പൂര്‍ണത കൈവരിക്കുകയാണ് അമ്പൂരി പഞ്ചായത്ത്. 8 ലക്ഷം രൂപ ചെലവാക്കിയാണ് ഈ പദ്ധതി നടപ്പാക്കിയത്. പ്രതിദിനം 250 കിലോ വരെ, അഴുകുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയില്‍ സംസ്കരിക്കുന്നതോടൊപ്പം അമ്പൂരി മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരിക്കുന്ന 20 സി. എഫ് ലാമ്പുകള്‍ കത്തിക്കുകയും ചെയ്യും. വേഗത്തില്‍ ജീര്‍ണ്ണിക്കുന്ന മാലിന്യങ്ങളെ ബയോ മീതനൈസേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സംസ്കരിക്കുന്നത്. സംസ്കരിച്ച് ലഭിക്കുന്ന ജൈവ വാതകത്തെ പ്രത്യേക ബയോടെക് ഫില്‍ട്ടറുകളിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ച ശേഷം ജനറേറ്ററുകളുടെ സഹായത്തോടെ വൈദ്യുതി ഉല്പാദിപ്പിക്കുന്നു. 3. കിലോ വാട്ട് വൈദ്യുതിയാണ് ഇത്തരത്തില്‍ ഉല്പാദിപ്പിക്കുന്നത്. പ്ലാന്റിനോടനുബന്ധിച്ചുള്ള പ്രീ കണ്ടീഷണര്‍, ഗ്യാസ് ഫില്‍റ്റര്‍, റീസൈക്ലിങ്ങ് പമ്പ് എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിനും പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി തന്നെയാണ് ഉപയോഗിക്കുന്നത്. മാലിന്യ സംസ്ക്കരണം കഴിഞ്ഞ് ജൈവ വാതക പ്ലാന്റില്‍ നിന്നും പുറത്ത് വരുന്ന ജലം പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് പുനരുപയോഗം ചെയ്യുന്ന നൂതന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. ഇത് പ്ലാന്റില്‍ നിന്നും പുറത്തേയ്ക്കുള്ള മലിന ജലത്തിന്റെ ഒഴുക്ക് തടയുന്നതിനും പ്ലാന്റും, പരിസരവും ശുചിയായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

Comments

Popular posts from this blog

കന്നുകാലി വളര്‍ത്തലും ജൈവവള ഉല്പാദനവും

ബയോടെക്ക് - കൊതുക് വളരാത്ത ബയോഗ്യാസ് പ്ലാന്റ് രൂപകല്‍പ്പന ചെയ്തു.

ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റ്

ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് കെട്ടിട നികുതി ഇളവ് - മുഖ്യമന്ത്രി