ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ കാഞ്ഞിരമറ്റം മാര്‍ക്കറ്റില്‍ സംയോജിത മാലിന്യ സംസ്ക്കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് ഉല്‍ഘാടനം ചെയ്തു.



പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള മാലിന്യ സംസ്ക്കരണ മാര്‍ഗ്ഗങ്ങളേക്കുറിച്ച് എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും ആലോചിക്കുന്ന സമയത്താണ്, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാമത്തെ മാലിന്യ സംസ്ക്കരണ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കിക്കൊണ്ട് മാതൃകയാവുന്നത്. 2010 ഫിബ്രവരി നാലാം തീയതി കാഞ്ഞിരമറ്റം മാര്‍ക്കറ്റില്‍ സംയോജിത മാലിന്യ സംസ്ക്കരണ വൈദ്യുതി പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചതോടെ, രണ്ട് മാലിന്യ സംസ്ക്കരണ വൈദ്യുതി ഉല്പാദന പ്ലാന്റുകള്‍ സ്ഥാപിച്ച എറണാകുളം ജില്ലയിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്തെന്ന ബഹുമതിക്ക് അര്‍ഹമാവുകയാണ് ആമ്പല്ലൂര്‍.

മാലിന്യ നിര്‍മ്മാര്‍ജനം നമ്മുടെ സമൂഹത്തില്‍ സങ്കീര്‍ണമായ ഒരു പ്രശ്നമായി മാറുന്നതിനും വളരെ മുന്‍പ് തന്നെ സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയ ഗ്രാമ പഞ്ചായത്താണ് ആമ്പല്ലൂര്‍. ഗുരുതരമായ പരിസര മലിനീകരണമുണ്ടാക്കുന്ന ജൈവ മാലിന്യങ്ങളെ ഉല്‍ഭവ സ്ഥാനത്തു വച്ച് തന്നെ സംസ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2007ല്‍ അരയങ്കാവ് മാര്‍ക്കറ്റില്‍ മാലിന്യ സംസ്ക്കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് സ്ഥാപിച്ചത്. ഈ പ്ലാന്റ് ഇന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

ഒരേ സംസ്ക്കരണ പ്ലാന്റില്‍ തന്നെ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ എല്ലാത്തരം മാലിന്യങ്ങളും കാഞ്ഞിരമറ്റത്ത് സ്ഥാപിച്ച പുതിയ പ്ലാന്റില്‍ സംസ്ക്കരിക്കുവാന്‍ സാധിക്കും. സംസ്ക്കരണശേഷം പ്ലാന്റില്‍ നിന്നും പുറത്തുവരുന്ന വെള്ളം വീണ്ടും പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കത്തക്ക വിധത്തിലുള്ള ഒരു റീസൈക്ലിങ്ങ് യൂണിറ്റും പ്ലാന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സാവധാനം ജീര്‍ണ്ണിക്കുന്ന ജൈവ മാലിന്യങ്ങളായ കരിയില, വാഴയില, ചപ്പുചവറുകള്‍ തുടങ്ങിയവ സംസ്ക്കരിക്കുന്നതിനായി ബയോടെക്ക് രൂപകല്‍പ്പന ചെയ്ത ബയോ സിനറേറ്റര്‍ ഉപയോഗിക്കുന്നു. നാരുകള്‍ അധികമുള്ള സസ്യാവശിഷ്ടങ്ങളും സാവധാനം ജീര്‍ണ്ണിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങളും സംസ്ക്കരിക്കുന്നതിനുള്ള പ്രീ ഡൈജസ്റ്ററും പ്ലാന്റിലുണ്ട്. ബയോ സിനറേറ്ററില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ചാരം ശേഖരിക്കുവാനും, ജൈവ മാലിന്യങ്ങളോടൊപ്പം വരുന്ന പ്ലാസ്റ്റിക്, ഗ്ലാസ്സ്, ലോഹങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് റീസൈക്ലിങ്ങ് സ്ഥാപങ്ങള്‍ക്ക് കൈമാറുന്നതിനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

പ്രതിദിനം 250 കി.ഗ്രാം വേഗത്തില്‍ ജീര്‍ണ്ണിക്കുന്ന മത്സ്യ-മാംസാവശിഷ്ടങ്ങളും, പച്ചക്കറികളും, സംസ്ക്കരിക്കാന്‍ ശേഷിയുള്ള ജൈവ വാതക പ്ലാന്റും പ്രതിദിനം 500 കി.ഗ്രാം കരിയില, പേപ്പര്‍ തുടങ്ങിയ ഉണങ്ങിയ ജൈവ മാലിന്യങ്ങള്‍ കത്തിച്ച് സംസ്ക്കരിക്കാന്‍ ശേഷിയുള്ള ബയോ സിനറേറ്ററും ചേര്‍ന്ന ഈ സംയോജിത മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ പ്രതിദിന ശേഷി 750 കി.ഗ്രാമാണ്. മാലിന്യ സംസ്ക്കരണത്തിലൂടെ ലഭിക്കുന്ന ജൈവ വാതകം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാനായി രണ്ട് ജനറേറ്ററുകളാണ് പ്ലാന്റില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 100 ശതമാനവും ജൈവ വാതകം മാത്രം ഇന്ധനമായി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ് ജനറേറ്റര്‍ വികസിപ്പിച്ചെടുത്തത് ബയോടെക്കാണ്. ഈ ജനറേറ്റര്‍ ഏതെങ്കിലും കാരണവശാല്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ വൈദ്യുതി ഉല്പാദനം തടസ്സപ്പെടാതിരിക്കാന്‍ രണ്ടാമത്തെ ജനറേറ്ററായ ഡ്യൂവല്‍ ഫ്യൂവല്‍ ജനറേറ്റര്‍ ഉപകരിക്കും. ഈ പ്ലാന്റില്‍ നിന്നും പ്രതിദിനം 5000 വാട്ട്സ് വൈദ്യുതി ഉല്പാദിപ്പിക്കുവാന്‍ സാധിക്കും. ഇതുപയോഗിച്ച് കാഞ്ഞിരമറ്റം മാര്‍ക്കറ്റിലും പരിസരങ്ങളിലും ഇപ്പോള്‍ 50 സി.എഫ് ലാമ്പുകള്‍ പ്രകാശിപ്പിക്കുന്നതിനും, പ്ലാന്റിലെ മറ്റ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും കഴിയുന്നു. എന്നാല്‍ ഇനിയും 100 സി.എഫ് ലാമ്പുകള്‍ കൂടി കത്തിക്കാനുള്ള വൈദ്യുതി ഈ പ്ലാന്റില്‍ നിന്നും ലഭിക്കും.
ആകെ 22,00,000/- രൂപ ചെലവിട്ട ഈ പദ്ധതിക്ക് 6,30,000/- രൂപ ജില്ലാ പഞ്ചായത്തും, 1,20,000/- രൂപ കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയവും നല്‍കി. ബാക്കി 14,50,000 രൂപ ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്തുമാണ് ചെലവാക്കിയത്.


Comments

Popular posts from this blog

കന്നുകാലി വളര്‍ത്തലും ജൈവവള ഉല്പാദനവും

ബയോടെക്ക് - കൊതുക് വളരാത്ത ബയോഗ്യാസ് പ്ലാന്റ് രൂപകല്‍പ്പന ചെയ്തു.

ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റ്

ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് കെട്ടിട നികുതി ഇളവ് - മുഖ്യമന്ത്രി