കന്നുകാലി വളര്‍ത്തലും ജൈവവള ഉല്പാദനവും

പാലിന്റെ ദൈനംദിന ഉപഭോഗവും ഉല്പാദനവും തമ്മില്‍ താരതമ്മ്യം ചെയ്തു നോക്കിയാല്‍ ഉല്പാദനം ഉപഭോഗത്തേക്കാള്‍ കുറവാണെന്ന് കാണാം. ഇതുകൊണ്ടാണ് അന്യ സംസ്ഥാനങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന പാല്‍ നമ്മുടെ സംസ്ഥാനത്തില്‍ യഥേഷ്ടം വിപണനം ചെയ്യപ്പെടുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാല് ഗുണമേന്മയുടെ കാര്യത്തില്‍ വളരെ പിന്നിലാണെന്ന കാര്യം ശ്രദ്ധേയമാണ്. അനുദിനം വര്‍ദ്ധിക്കുന്ന കാലീത്തീറ്റ വിലയും പുല്ലിന്റെയും, വൈക്കോലിന്റെയും ദൌര്‍ലഭ്യതയും മറ്റ് പരിപാലന ചിലവുകളും കാരണം കേരളത്തില്‍ കന്നുകാലി വളര്‍ത്തല്‍ ചിലവേറിയതായി മാറിക്കൊണ്ടിരിക്കുന്നു. ലഭ്യമായ പാലിന്റെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ കന്നുകാലി പരിപാലനം പലപ്പോഴും ലാഭകരമല്ല. കന്നുകാലി വളര്‍ത്തലില്‍ പാല് ഉല്പാദനത്തോടൊപ്പം ലഭിക്കുന്ന ചാണകം മുഖ്യമായും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വളമായി ഉപയോഗിച്ചുവരുന്നു. നല്ലൊരു അണുനാശിനി കൂടിയായ ചാണകം ഗ്രാമ പ്രദേശങ്ങളില്‍ പ്രാചീന കാലം മുതല്‍ക്കേ വീടുകള്‍ മെഴുകി വൃത്തിയാക്കുന്നതിന് ഉപയോഗിച്ചുവരുന്നു. ഭാരതത്തില്‍ പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് വടക്കേ ഇന്‍ഡ്യയില്‍ ഗ്രാമ വാസികള്‍ കന്നുകാലി ചാണകം ഉണക്കി ചാണക വറളി...