ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ കാഞ്ഞിരമറ്റം മാര്‍ക്കറ്റില്‍ സംയോജിത മാലിന്യ സംസ്ക്കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് ഉല്‍ഘാടനം ചെയ്തു.
പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള മാലിന്യ സംസ്ക്കരണ മാര്‍ഗ്ഗങ്ങളേക്കുറിച്ച് എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും ആലോചിക്കുന്ന സമയത്താണ്, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാമത്തെ മാലിന്യ സംസ്ക്കരണ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കിക്കൊണ്ട് മാതൃകയാവുന്നത്. 2010 ഫിബ്രവരി നാലാം തീയതി കാഞ്ഞിരമറ്റം മാര്‍ക്കറ്റില്‍ സംയോജിത മാലിന്യ സംസ്ക്കരണ വൈദ്യുതി പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചതോടെ, രണ്ട് മാലിന്യ സംസ്ക്കരണ വൈദ്യുതി ഉല്പാദന പ്ലാന്റുകള്‍ സ്ഥാപിച്ച എറണാകുളം ജില്ലയിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്തെന്ന ബഹുമതിക്ക് അര്‍ഹമാവുകയാണ് ആമ്പല്ലൂര്‍. മാലിന്യ നിര്‍മ്മാര്‍ജനം നമ്മുടെ സമൂഹത്തില്‍ സങ്കീര്‍ണമായ ഒരു പ്രശ്നമായി മാറുന്നതിനും വളരെ മുന്‍പ് തന്നെ സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയ ഗ്രാമ പഞ്ചായത്താണ് ആമ്പല്ലൂര്‍. ഗുരുതരമായ പരിസര മലിനീകരണമുണ്ടാക്കുന്ന ജൈവ മാലിന്യങ്ങളെ ഉല്‍ഭവ സ്ഥാനത്തു വച്ച് തന്നെ സംസ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2007ല്‍ അരയങ്കാവ് മാര്‍ക്കറ്റില്‍ മാലിന്യ സംസ്ക്കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് സ്ഥാപിച്ചത്. ഈ പ്ലാന്റ് ഇന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു....