കരവാരം പഞ്ചായത്തില്‍ ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി പ്ലാന്റ് ഉല്‍ഘാടനം ചെയ്തു

ബയൊടെക്കിന്റെ സാങ്കേതിക സഹായത്താല്‍ നിര്‍മ്മിച്ച ഖര ജൈവ മാലിന്യ സംസ്ക്കരണ വൈദ്യുതി ഉല്പാദന പ്ലാന്റിന്റെ ഉല്‍ഘാടനം ഒക്ടോബര്‍ 13ന് വൈകുന്നേരം 3 മണിക്ക് കരവാരം വഞ്ചിയൂര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ബഹു. മന്ത്രി. ശ്രീ പാലോളി മുഹമ്മദ് കുട്ടി നിര്‍വ്വഹിച്ചു. ശ്രീ. എന്‍. രാജന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബയോടെക് ഡയറക്ടര്‍ ശ്രീ. എ. സജിദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വഞ്ചിയൂര്‍ മാര്‍കറ്റില്‍ സ്ഥാപിച്ച ബയോടെക് മാതൃകയിലുള്ള പ്ലാന്റുകള്‍ കേരളത്തില്‍ വ്യാപകമായി സ്ഥാപിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് മന്ത്രി ബയോടെക് ഡയറക്ടറോട് ആരായുകയുണ്ടായി. പുതുതായി നിര്‍മ്മിക്കുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും സ്വന്തം നിലയില്‍ മാലിന്യ സംസ്ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ എന്നും കരവാരം പഞ്ചായത്ത് മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ സ്ഥാപിച്ച് മാലിന്യങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് പരിശ്രമിക്കണമെന്നും മന്ത്രി ഉല്‍ഘാടന പ്രസംഗത്തില്‍ അറിയിച്ചു. ഈ പ്ലാന്റിന്റെ പ്രവര്‍ത്തന ശേഷി പൂര്‍ണ്ണമായ തോതില്‍ പ്രയോജനപ്പെടുത്തിയാല്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന 50 സി.എഫ്. ലൈറ്റുകള്‍ കൂടാതെ 100 ലൈറ്റുകള്‍ കൂടി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി പ്ലാന്റില്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ബയോടെക് ഡയറക്ടര്‍ ശ്രീ. എ. സജിദാസ് അറിയിച്ചു.

കരവാരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 10 ലക്ഷം രൂപ ചെലവിട്ടാണ്‌ പദ്ധതി നടപ്പാക്കിയത്.‍ പദ്ധതി പ്രാവര്‍ത്തികമായതോടെ പ്രതിദിനം മാര്‍ക്കറ്റില്‍ നിന്നും അറവുശാലയില്‍ നിന്നും പുറന്തള്ളുന്ന 250 കിലോഗ്രാം അഴുകുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ഇണങ്ങിയ രീതിയില്‍ സംസ്ക്കരിക്കുന്നതോടൊപ്പം ഇതില്‍ നിന്നും ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് വഞ്ചിയൂര്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരിക്കുന്ന 50 സി.എഫ്. ലൈറ്റുകള്‍ കത്തിക്കുകയും ചെയ്യുന്നു. മാലിന്യ സംസ്ക്കരണശേഷം പ്ലാന്റിനു പുറത്തു വരുന്ന ജലം പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുനരുപയോഗം ചെയ്യാവുന്ന നൂതന പദ്ധതിയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടെ സ്ഥാപിക്കുന്ന 30 മത്തെ പ്ലാന്റാണിത്. മറ്റ് പദ്ധതികളില്‍ നിന്നും വ്യത്യസ്ഥമായി പൂര്‍ണ്ണമായും ജൈവ വാതകം മാത്രം ഇന്ധനമായി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 100% ബയോഗ്യാസ് എഞ്ചിനാണ് പ്ലാന്റിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള എഞ്ചിന്‍ ബയോടെക്കിന്റെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്തതാണ്. ഇത് ഡീസലിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കി പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് സഹായിക്കുന്നു.

Comments

Popular posts from this blog

കന്നുകാലി വളര്‍ത്തലും ജൈവവള ഉല്പാദനവും

ബയോടെക്ക് - കൊതുക് വളരാത്ത ബയോഗ്യാസ് പ്ലാന്റ് രൂപകല്‍പ്പന ചെയ്തു.

ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റ്

ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് കെട്ടിട നികുതി ഇളവ് - മുഖ്യമന്ത്രി